വിജയവീഥിയെക്കുറിച്ച്

സംസ്‌ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെട്ടതും, വ്യവസായ-വാണിജ്യ വകുപ്പ് ആവിഷ്കരിച്ച് കേരള സ്റ്റേറ്റ് റൂട്രോണിക്സ്, സർക്കാർ ഉത്തരവ് നമ്പർ G.O. (Rt) No.1103/2020/ID, Dated Thiruvananthapuram 24-12-2020 പ്രകാരം പഞ്ചായത്ത് തലത്തിൽ നടപ്പിൽ വരുത്തുന്നതുമായ ജനകീയ പദ്ധതിയാണ് വിജയവീഥി.

സംസ്ഥാന/കേന്ദ്ര സർക്കാർ സ്‌ഥാപനങ്ങളിലേക്ക് വരുന്ന ഒഴിവുകളിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിലേക്കായി, പി.എസ്.സി., യു.പി.എസ്.സി., ബാങ്കിങ്ങ് സർവ്വീസ് റിക്രൂട്ട്മെന്റ് ബോർഡ്, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മുതലായ ഏജന്സികളാൽ നടത്തപ്പെടുന്ന മത്സര പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുവാൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കും വിധമുള്ള പരിശീലനം നഗര-ഗ്രാമ വ്യത്യാസമെന്യേ, ചുരുങ്ങിയ ചെലവിൽ ഏവർക്കും പ്രദാനം ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പഞ്ചായത്തുകളിൽ ഒന്നും മുനിസിപ്പാലിറ്റികളിൽ രണ്ടും, കോർപ്പറേഷനുകളിൽ മൂന്നുവീതവും പഠനകേന്ദ്രങ്ങൾക്കാണ് അനുമതി ലഭിക്കുക. നിലവിൽ സ്ഥാപനങ്ങൾ ഉള്ള വ്യക്തികൾക്കും, പുതിയ സംരംഭകർക്കും വിജയവിഥി പഠനകേന്ദ്രങ്ങൾക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കോളേജുകൾ, സ്കൂളുകൾ, പാരലൽ കോളേജുകൾ, അക്ഷയ ഇ-കേന്ദ്രങ്ങൾ, വനിതാ സഹകരണ സംഘങ്ങൾ, ട്രസ്റ്റുകളുടെ അധീനതയിലുള്ള സ്ഥാപനങ്ങൾ, പങ്കാളിത്ത സ്ഥാപനങ്ങൾ, ഇതര വ്യക്തിഗത സ്ഥാപനങ്ങൾ എന്നിവർക്കും പുതിയ സംരംഭകർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷകളിന്മേലുള്ള സൂക്ഷ്മ പരിശോധനയുടെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നേരിട്ടുള്ള പരിശോധനയുടെയും അടിസ്ഥാനത്തിലാവും വിജയവിഥി പഠനകേന്ദ്രങ്ങൾക്കുള്ള അനുമതി ലഭ്യമാവുക. വനിതകൾ, ഭിന്നലിംഗ വിഭാഗത്തിലുള്ളവർ, ഭിന്നശേഷിക്കാർ, കൊവിഡ് പ്രതിസന്ധിമൂലം തൊഴിൽ നഷ്ടമായി നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾ എന്നിവർക്ക് പഠനകേന്ദ്രങ്ങൾ അനുവദിക്കുന്നതിൽ മുൻഗണന ലഭിക്കും.